"സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടു കല്യാണം നടക്കാത്ത പെണ്‍കൊച്ചുങ്ങള്‍ക്കു സ്ത്രീധനത്തിനുള്ള വക ഉണ്ടാക്കി കൊടുക്കണേ" എന്നു മുട്ടിപ്പായി പ്രാര്‍ഥിച്ച കരിസ്മാറ്റിക് ചേട്ടനേ ചീത്ത (അതും അങ്ങേരോ പള്ളിക്കാരോ കേള്‍ക്കാതെ) വിളിച്ചതിനും, ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്ന, ഇല്ലേല്‍ ഇല്ലാതതു പോലെയോ കണ്ടില്ലെന്നോ നടിക്കുന്ന, എന്നാല്‍ മത ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍-അതായത് സഭ കണ്ടെത്തിയ പുതിയ "രൂപ- താ" സ്ട്രീം ആയ സ്വശ്രയ പ്രൊഫെഷണല്‍ കോളേജുകളില്‍ പലവക പേരുകളില്‍ കാശു പിരിക്കാനുള്ള അവകശം സംരക്ഷിക്കാന്‍- കയ്യും തലയും മുറുക്കി രംഗത്തിറങ്ങുന്ന പള്ളിയേയും പട്ടക്കാരെയും കുറ്റപെടുത്തി സംസാരിച്ചതിനും , കര്‍ത്താവീശോമിശിഹാ ജീവിച്ചിരിപ്പുണ്ടരുന്നേല്‍ പണ്ടു ജറുസലെം ദേവാലയത്തില്‍ ചെയ്തതു പോലെ ചട്ടാവാറു കൊണ്ടടിച്ചു പുറത്താക്കുന്നതു ഇതുങ്ങളെയൊക്കെയായിരിക്കും എന്നു പറഞ്ഞതിനും എല്ലാവരും ചേര്‍ന്നെന്നെ "ദൈവവിരോധി" യെന്നു മുദ്ര കുത്തി....
എന്നാണെ, കര്‍ത്താവിനാണെ, എനിക്കു ദൈവത്തിനോടു വിരോധമൊന്നും ഇല്ല.... എന്നാല്‍ ഇത്തരം തോന്യവാസങ്ങള്‍ക്കു കൂട്ടു നില്കുന്ന, വളം വെച്ചു കൊടുക്കുന്ന കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്നു എന്നു പറയാന്‍ അല്പം മനസ്സാക്ഷികുത്തും മാനക്കേടും ഉണ്ടെന്നതു സത്യം.
"പയ്യന്‍ ബാംഗ്ലൂരില്‍ സോഫറ്റുവെയര്‍ എന്‍ജിനീയറാ... നീ തിരുവനന്തപുരത്തെ ജോലിയില്‍ തുടരുന്നതില്‍ അവന്റെ വീട്ടുകാര്‍ക്കു വിരോധമൊന്നും ഇല്ല... നിങ്ങളു രണ്ടു പേര്‍ക്കും ആഴ്ചെലൊരിക്കല്‍ അങ്ങോട്ടും ഇങ്ങൊട്ടും പൊയിട്ടു വരാമല്ലോ, അല്ലേല്‍ ഇവിടെ കോഴിക്കോട്ടല്ലെ രണ്ടു വീടും, ഇവിടെ വന്ന് കാണാമല്ലോ" എന്നും പറഞ്ഞൊരു കല്യണാലൊചനയുമായി , ഒന്നു തലയാട്ടി കൊടുത്താല്‍ നിന്നെ നാളെത്തന്നെ മൂന്നും വിളിച്ചു ചൊല്ലി കെട്ടിച്ചു വിട്ടെക്കാം എന്ന ഭാവത്തില്‍ വന്ന വന്ന ബ്രോക്കറോടു "അപ്പൊപ്പിന്നെ കല്യാണം കഴിക്കാണൊ; അങ്ങേരവിടെം ഞാന്‍ ഇവിടേം ഇപ്പോഴത്തെ പൊലെ കഴിഞ്ഞോളാം. ഇനിമേലാല്‍ ഇത്തരം സുന്ദര സുരഭില ആലോചനകളും ഐഡിയാ-കളും ആയി വരരുത്"എന്നു എന്നാലവും വിധം മര്യാദയോടെ തുറന്നു പറഞ്ഞുതിന് ബ്രോക്കറുടെ മനസ്സു വെദനിപ്പിച്ചെന്നു പഴി ചാരി എല്ലാവരും ചേര്‍ന്നെന്നെ "മനുഷ്യരോട് പെരുമാറാന്‍ അറിയത്തവള്‍" ആക്കി...
എന്റെ മനസ്സു വേദനിക്കുന്നൊ ഇല്ലയൊ എന്നതു ഇവിടെ തികച്ചും അപ്രസക്തം... ആകെയുള്ള ഒരു ജീവിതം എങ്ങനെ ജീവിക്കണമെന്നു ഞാന്‍ തീരുമാനിക്കും. അത് മൂലം ഉണ്ടാവുന്ന കുഴപ്പങ്ങള്‍ക്കു പരിപൂര്‍ണ്ണ ഉത്തരവാദിത്തം എടുക്കാനും ഞാന്‍ തയ്യാര്‍.. തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്കു വിട്ട് കാഴ്ചക്കാരിയായി എനിക്കു ജീവിക്കേണ്ട....
1 comment:
ഒന്നാന്തരം വിപ്ലവ ലൈന്‍ ആണല്ലോ തുടക്കം ... കൊള്ളാം ... നന്നായി വരും.
അതെ ... പുതിയ പോസ്റ്റില്‍ കമ്മന്റ്റ് ഇടാന്‍ പറ്റുന്നില്ലല്ലോ?
Post a Comment