Friday 5 December 2008

വേരുകള്‍ ...

കുറച്ചു നാള്‍ മുന്‍പ്,  എന്റെ ഫെങ്ഷുയി മുളംകൂട്ടത്തിനൊരു ക്ഷീണം... ഇലകളിലെല്ലാം മഞ്ഞ നിറം.... കൂട്ടത്തിലൊന്നിന്റെ തണ്ട് കൂടെ മഞ്ഞച്ചു....  ബോണ്‍സായ് ചെടിയുടെ ആരോഗ്യ സ്ഥിതിയും മോശം... എന്നാലിതു ചികിത്സിച്ചിട്ടു തന്നെ കാര്യം എന്നു കരുതി ബോണ്‍സായിയെ പുറത്തെടുത്തു, മണ്ണെല്ലാം മാറ്റി വീണ്ടും നട്ടു.. പ്രതിഷേധമായിട്ടോ എന്തോ,  കുറച്ചു നാള്‍ അനങ്ങതെ ഇരുന്നതിനു ശേഷം പുതിയ ഇലകള്‍ വന്നു തുടങ്ങി......  ആദ്യത്തെ ചികിത്സാ ശ്രമം വിജയകരമായതിന്റെ സന്തോഷത്തില്‍ മുളം കൂട്ടത്തിലായി അടുത്ത പരീക്ഷണം... പ്രതീക്ഷക്കു വകയില്ലെന്ന് അവസ്ഥ കണ്ടവരെല്ലാം  എഴുതിത്തള്ളിയ കേസ്... എനിക്കും വലിയ പ്രതീക്ഷയൊന്നും ഉണ്ടയിരുന്നില്ല... വേരില്‍ വീടു വെച്ചു താമസമാക്കിയ പായല്‍ കൂട്ടത്തെ പുറന്തള്ളല്‍ ആദ്യ ലക്ഷ്യം... വേല മനസ്സിലിരിക്കട്ടെ എന്നു പായലും... ഒടുവില്‍ ഞാന്‍ തോറ്റു....അതൊരു ecosystem  ആണെന്ന ദുര്‍ന്യായം പറഞ്ഞ് തടിതപ്പി... മരണത്തിന്റെ വക്കിലെത്തിയതുങ്ങളെ രക്ഷിക്കനായി അടുത്ത ശ്രമം... മാറ്റി പുതിയൊരു ഗ്ലാസ്സിലിട്ട് മൂന്നാം നാള്‍ തണ്ടിന്റെ ഉണങ്ങാത്ത ഭാഗത്ത് പുതിയ വേരുകള്‍... ഉണങ്ങിയ ഭാഗങ്ങളെല്ലാം മുറിച്ചു കളഞ്ഞ് 'പുതിയ മനുഷ്യനായി' പുതുസ്ഥലത്തു എന്റെ മുളംകൂട്ടം...  ബോണ്‍സായ് ചെടി..
  

സത്യത്തില്‍ ഇവരുടെ ജീവിതവും എന്റെതും ഒരുപോലെ...

പാലായില്‍ നിന്നു ചാച്ചനും അമ്മച്ചിയും പിന്നെ ഇലഞ്ഞിയില്‍ നിന്നു ഇച്ചാച്ചനും അമ്മയും മലബാറിനു പോന്നപ്പോള്‍ നഷ്ടപെട്ട വേരുകള്‍... 

പിന്നെ ഒരിക്കലും സ്വന്തം നാടെന്നൊരിടം ഇല്ലെന്നതാണു സത്യം... 

ഇലഞ്ഞിയില്‍ നിന്നു കണ്ണൂരില്‍ വന്നു കയ്യിലിരുന്നതും, പിന്നെ അമ്മച്ചിയുടെ കഴുത്തിലും കയ്യിലും ഇരുന്നതും എല്ലാം ചേര്‍ത്ത് ഭൂമി വാങ്ങി, ഭാവിജീവിതം ഭദ്രമായെന്ന് കരുതിയിരുന്ന ഇച്ചാച്ചന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതു ഭൂപരിഷ്കരണം... അങ്ങനെ മക്കള്‍ മിക്കവരും ഉദ്യോഗസ്ഥരായി... പത്തു മക്കളില്‍ നാലു അധ്യാപികമാര്‍, ഒരാള്‍ ബാങ്കില്‍, ഒരാള്‍ പോലിസില്‍, ഒരാള്‍ പട്ടാളത്തില്‍ അങ്ങനെ അങ്ങനെ ...  

പാലായില്‍ നിന്നും വന്ന് കോഴിക്കോടൊരു മലയോര ഗ്രാമത്തില്‍ ചാച്ചനും താമസമാക്കി... മക്കളെല്ലാം റബ്ബറും കുരുമുളകും വളര്‍ത്തി ജീവിക്കുമെന്ന പദ്ധതി നടപ്പിലാക്കാന്‍ നില്കാഞ്ഞത്  മൂത്ത മകന്‍ മാത്രം. ജോലിക്കു പൊയി, പിന്നെ ഒരു അധ്യാപികയെ കല്യാണവും കഴിച്ച്, രണ്ട് പെണ്മക്കളുമടങ്ങിയ "ചെറിയ കുടുംബം സന്തുഷ്ട കുടുംബ"ത്തിന്റെ നാഥനായി... ജീവിതത്തിന്റെ നല്ലൊരു ഭാഗം ഒരു ശരാശരി മിഡില്‍ ക്ലാസ്സ് മലയാളിയുടെ ഓട്ടപന്തയം... ബാലന്‍സ് ഷീറ്റ് : രണ്ട് എഞ്ജിനീയറിങ് ബിരുദാനന്തര ബിരുദധാരികളും ഉദ്യോഗസ്ഥകളുമായ പെണ്മക്കള്‍, പിന്നെ ഒരു വീട്.. 

ഇപ്പോള്‍ ബാറ്റണ്‍ മക്കളുടെ കയ്യില്‍... അവര്‍ വയറ്റുപിഴപ്പിനായി പറിച്ചു നടപ്പെട്ട നഗരങ്ങളില്‍ ഓട്ടം തുടരുന്നു...

ഈ കഥ തുടര്‍ന്നു കൊണ്ടേയിരിക്കും... 


3 comments:

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ബാറ്റണ്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ ... പിന്നെന്താ ഒരു സങ്കടം?

ബോണ്‍സായിയുടെ കുറച്ചു കൂടെ ഒരു നല്ല ചിത്രം ആവാമായിരുന്നു.

മറിയാമ്മ... ഇപ്പോള്‍ മാരിയമ്മ said...

mobile camera യില്‍ എടുത്തത്... അപ്പോള്‍ ക്യാമറ കയ്യിലില്ലായിരുന്നു... പിന്നെ മടി കാരണം വേറെ എടുത്തില്ല...

മറിയാമ്മ... ഇപ്പോള്‍ മാരിയമ്മ said...

ഈ പറിച്ചുനടലുകളില്‍ പലതും എന്നെന്നെക്കുമായി നഷ്ടപ്പെടുന്നതു തന്നെ സങ്കടം... ഓര്‍മകള്‍, സ്ഥലങ്ങള്‍, ആളുകള്‍, അങ്ങനെയങ്ങനെ.... അതെക്കുറിച്ച് ഇനിയൊരിക്കല്‍ എഴുതണമെന്നുണ്ട് ..